Showing posts with label Editorial. Show all posts
Showing posts with label Editorial. Show all posts

Saturday, February 14, 2015

ജനാധിപത്യതിന്‍റെ തിരിച്ചു വരവ്

     Editorial  

ഒരു വലിയ മാറ്റത്തിന്‍റെ തുടക്കത്തിനാണ് രാജ്യതലസ്ഥാനം സാക്ഷ്യം വഹിച്ചിരിക്കുന്നത്. ജനങ്ങള്‍ അവര്‍ക്കിടയില്‍ നിന്ന് പ്രതിനിധികളെ തിരഞ്ഞെടുത്ത് അധികാരത്തില്‍ കൊണ്ട് വന്നിരിക്കുന്നു. ഡല്‍ഹി തങ്ങള്‍ക്കനുകൂലമായി വിധിയെഴുതിയപ്പോള്‍, ഈ വിജയം കണ്ട് അഹങ്കരിക്കരുത് എന്നാണ് അരവിന്ദ് കേജ്രിവാള്‍ തന്‍റെ കൂട്ടരോട് പറഞ്ഞത്. ആ മനോഭാവം തന്നെ നല്ലൊരു സൂചനയാണ് നല്‍കുന്നത്. ജനങ്ങളുടെ സേവകാരായി ജനപ്രതിനിധികള്‍ മാറുന്ന കാഴ്ചയാണ് ഈ ദിവസങ്ങളില്‍ കണ്ടത്. 

ആദ്യ കേജ്രിവാള്‍ മന്ത്രിസഭയ്ക്ക് 49 ദിവസമേ ആയുസ്സുണ്ടായിരുന്നുള്ളൂ എങ്കിലും ജനങ്ങളുടെ മനസ്സില്‍ കയറിപ്പറ്റാന്‍ ആ ഭരണം കൊണ്ടായി. ചുരുങ്ങിയ കാലം കൊണ്ട് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ഏറെക്കുറെ നിറവേറ്റി. അഴിമതി തുടച്ചു നീക്കാന്‍ ഭരണ രംഗത്തും ഗവണ്‍മെന്‍റ് മേഖലകളിലും അഴിച്ചു പണികള്‍ നടത്തി. വിദ്യാഭ്യാസം, വൈദ്യുതി, ജലസേചനം തുടങ്ങി എല്ലാ മേഖലകളിലും പ്രത്യേകം പരിഷ്ക്കാരങ്ങള്‍ കൊണ്ട് വന്നു. ചെലവ് ചുരുക്കി ഭരണനിര്‍വഹണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ ആഹ്വാനം നല്‍കി. ഒരു തുടക്കക്കാരന്‍ എന്ന നിലയില്‍ ഉള്ള അപക്വതകള്‍ ഇല്ലാതെ തന്നെയായിരുന്നു കേജ്രിവാള്‍ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്.

പക്ഷേ, നിര്‍ണ്ണായകമായ ഒരു സമയത്ത് അധികാരം വിട്ടിറങ്ങിയ കേജ്രിവാള്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിട്ടു. കോര്‍പ്പറേറ്റ് ഭീമന്മാരോട് മുട്ടേണ്ടി വന്നതുകൊണ്ട്  ഉണ്ടായ  സമ്മര്‍ദ്ദങ്ങള്‍ക്ക്‌ വഴങ്ങേണ്ടി വന്നതാകാം കേജ്രിവാളിന്‍റെ പടിയിറക്കത്തിനു നിദാനം എന്ന് കരുതുന്നവരുണ്ട്. മാത്രമല്ല AAPക്ക് ഭൂരിപക്ഷം കുറവായിരുന്നത് കൊണ്ട് കോണ്‍ഗ്രസ്സിന്‍റെ പിന്തുണ കൊണ്ടാണ് അധികാരത്തില്‍ കയറിയത്. ഇത് ആദ്യമേ തന്നെ വിമര്‍ശനങ്ങള്‍ ക്ഷണിച്ചു വരുത്തുകയും ചെയ്തു.  രാജി വച്ചതിനെ ചൊല്ലിയുണ്ടായ വിവാദങ്ങളെ അവലോകനം ചെയ്ത ശേഷം താന്‍ ചെയ്തത് തെറ്റായിപ്പോയി എന്ന് തുറന്നു സമ്മതിക്കാനുള്ള മനസും അദ്ദേഹം കാട്ടി. ഈ മനസ്ഥിതി കണ്ടിട്ടാകാം ജനങ്ങള്‍ കേജ്രിവാളിനെ വീണ്ടും അധികാരത്തില്‍ കയറ്റിയിരിക്കുന്നത്.

ഇത്തവണ വലിയൊരു തിരിച്ചുവരവാണ് ആം ആത്മി നടത്തിയിരിക്കുന്നത്. ആകെ ഉണ്ടായിരുന്ന 70 സീറ്റില്‍ 67 എണ്ണവും നേടി രാജ്യത്തെ പ്രമുഖ രാഷ്ട്രീയ കക്ഷികളായ BJP യ്ക്കും കോണ്‍ഗ്രസ്സിനും ഒരിക്കലും മറക്കാനാവാത്ത ഒരടി നല്‍കി. കൂടാതെ മൂന്നാം ബദല്‍ എന്ന ആശയം ഉയര്‍ത്തി BJPയെയും  കോണ്‍ഗ്രസ്സിനേയും തറപറ്റിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട ഇടതു പാര്‍ട്ടികള്‍ക്കും കേജ്രിവാളിന്‍റെയും കൂട്ടരുടെയും വിജയം ഒരു ക്ഷീണമായി.  

കോണ്‍ഗ്രസ്സ് ഇപ്പൊള്‍ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത് പാര്‍ട്ടിയുടെ ഏറ്റവും കറുത്ത അധ്യായത്തിലൂടെയാണ്. UPA സര്‍ക്കാരിന്‍റെ ഭരണത്തില്‍ അതൃപ്തരായ ജനങ്ങള്‍ അവരെ ചരിത്രത്തില്‍ നിന്ന് തന്നെ തുടച്ചു നീക്കുന്ന കാഴ്ചയാണ് കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ കണ്ടത്. പെട്രോളിന്‍റെയും ഡീസലിന്റെയും വില വര്‍ധനവ്‌, രാജ്യം കണ്ട എക്കാലത്തെയും വലിയ അഴിമതികള്‍, എല്ലാ മേഖലകളിലും കോര്‍പ്പറേറ്റുകളെ സഹായിക്കുന്ന മനോഭാവം, സാധാരണക്കാരന് ലഭിക്കേണ്ട അടിസ്ഥാന അവകാശങ്ങളെക്കൂടി നിഷേധിക്കുന്ന അവസ്ഥ, അവശ്യവസ്തുക്കളുടെ വിലക്കയറ്റം,  ഇതൊക്കെ  കോണ്‍ഗ്രസ്സ് നയിക്കുന്ന UPA സര്‍ക്കാരിന്‍റെ പരാജയത്തിന് വഴി തെളിച്ചു. 

എന്നിട്ടും BJP യ്ക്ക് ഒരവസരം കൂടി നല്‍കാന്‍ ജനങ്ങള്‍ തയ്യാറായതിന്‍റെ ഫലമായാണ് NDA വീണ്ടും അധികാരത്തിലെത്തിയത്. ഇത്തവണ RSS പോലെയുള്ള തീവ്ര വര്‍ഗീയ കക്ഷികളെ ഒക്കെ ഒതുക്കി സ്വന്തം കാലില്‍ നില്‍ക്കാനും BJPക്ക് സാധിച്ചു.   പക്ഷേ തിരഞ്ഞെടുപ്പ് നാളില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പോലെ അത്ര ആശാവഹമായിരുന്നില്ല പിന്നീടുള്ള പ്രവര്‍ത്തനങ്ങള്‍. അതുകൊണ്ട് തന്നെ ഡല്‍ഹി മറിച്ച് വിധിയെഴുതി.

ഇടതുപക്ഷത്തിന്‍റെ അവസ്ഥയും വിഭിന്നമല്ല. ഒരു ദേശീയ കക്ഷി ആയിരുന്നിട്ടും ഇത്ര നാള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു നിര്‍ണായക ശക്തിയാകാന്‍ CPI(M)നായില്ല. നേതൃനിരയിലുള്ളവരുടെ കഴിവുകേടായി തന്നെയാണ് ഇത് വിലയിരുത്തപ്പെട്ടത്. ജനോപകാരപ്രദമായ പ്രശ്നങ്ങളെ ഉയര്‍ത്തിക്കൊണ്ട് വരുന്നതില്‍ പരാജയപ്പെട്ടതും അടിസ്ഥാന ആശയങ്ങളില്‍ നിന്ന് വ്യതിചലിച്ച് ജാതി-മത ശക്തികളുമായി സഖ്യത്തിലേര്‍പ്പെട്ടതും ഇടത് കക്ഷികളുടെ പരാജയത്തിന് കാരണമായി.  

പക്ഷേ ഇവയില്‍ നിന്നൊന്നും തങ്ങള്‍ പഠിക്കില്ലെന്നാണ് ഓരോ രാഷ്ട്രീയ കക്ഷിയും പറയുന്നത്. കേജ്രിവാളിന്‍റെ പ്രധാന എതിരാളി കിരണ്‍ ബേദി ആദ്യം തന്നെ പരാജയത്തിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്തം BJP യ്ക്കാണെന്ന് പറഞ്ഞ് തടിയൂരി. BJP ആകട്ടെ  കോണ്‍ഗ്രസ്സിനെതിരെയുള്ള ജനങ്ങളുടെ വിധിയെഴുത്തായി വ്യാഖ്യാനിച്ചു. BJP ഭരണം ജനങ്ങള്‍ക്ക് മടുത്തത് കൊണ്ടാണ് ഇത്തവണ പുതിയൊരു കക്ഷിക്ക് അവര്‍ അവസരം കൊടുത്തതെന്ന് കോണ്‍ഗ്രസ്സ് പറഞ്ഞു. കൂടാതെ RSS മായുള്ള ഒത്തുകളിയാണെന്നും വരെ അവര്‍ ആരോപിച്ചു. പക്ഷേ സത്യം എല്ലാവര്‍ക്കുമറിയാം. BJP-കോണ്‍ഗ്രസ്സ് ഭരണത്തില്‍ പൊരുതി മുട്ടിയ ജനങ്ങള്‍ ഒടുവില്‍ അവര്‍ക്കെതിരെ വിധിയെഴുതി. രാഷ്ട്രീയ പാര്‍ട്ടികളെ മാത്രമല്ല, അവര്‍ക്ക് ഒത്താശ ചെയ്യുന്ന എക്സിറ്റ് പോളുകളെയും മാധ്യമങ്ങളെയുമാണ് ഈ  വിധി തോല്‍പ്പിച്ചിരിക്കുന്നത്.  

ഡല്‍ഹി ഒരു മുന്നറിയിപ്പാണ്. ഒരു പ്രതിഷേധമാണ്. ഇനിയുള്ള നാളുകള്‍ നിര്‍ണ്ണായകമാണ്. ഭാരതത്തിന്‍റെ മറ്റ് സംസ്ഥാനങ്ങളിലേക്ക് AAP ന്‍റെ പ്രവര്‍ത്തന മണ്ഡലം വ്യാപിപ്പിക്കുന്നതിന് പകരം ഡല്‍ഹിയില്‍ തന്നെ ശ്രദ്ധകേന്ദ്രീകരിക്കാനാണ് അരവിന്ദ് കേജ്രിവാള്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. മുന്നില്‍ ഒട്ടേറെ വെല്ലുവിളികള്‍, അധികാരത്തിലേറ്റിയ ജനങ്ങളോടുള്ള ഉത്തരവാദിത്തങ്ങള്‍, തടസ്സമാകാന്‍ എതിര്‍ കക്ഷികളും വമ്പന്‍ കോര്‍പറേറ്റുകളും. ഭരണം അത്ര ആയാസരഹിതമാകാനിടയില്ല. മന്ത്രിമാരില്‍ ഏറിയ ശതമാനം പേരും വിദ്യാസമ്പന്നരാണ് എന്നത് പ്രധാന വിജയ ഘടകമായി നിലനില്‍ക്കുമ്പോഴും പരിചയക്കുറവ് ബുദ്ധിപരമായിത്തന്നെ നേരിടേണ്ട പ്രശ്നമാണ്. ഒരു പരിധിവരെയെങ്കിലും പിടിച്ചു നില്‍ക്കാനും മാറ്റങ്ങള്‍ കൊണ്ടുവരാനും വാഗ്ദാനങ്ങള്‍ നിറവേറ്റാനുമായാല്‍ അത് വലിയൊരു വിജയമാകും. മാത്രമല്ല അഴിമതിയും സ്വജന പക്ഷപാതവും കുടുംബ രാഷ്ട്രീയവും ജാതി-വര്‍ഗീയതകളും ഒക്കെ വാഴുന്ന നമ്മുടെ നാട്ടില്‍ ഒരു പുതിയ മാറ്റത്തിന് വഴിയൊരുങ്ങും. 

Wednesday, September 03, 2014

വിലക്കയറ്റവും വഴിമുട്ടുന്ന വികസനവും

      വിലക്കയറ്റം എങ്ങനെയാണ് വികസനത്തിന്‌ തടസമാകുന്നത്? ഉത്തരം വളരെ ലളിതം. വികസനത്തിന്‍റെ സൂചകങ്ങളായ ദാരിദ്ര്യ നിര്‍മാര്‍ജനം, പൊതുജനാരോഗ്യം, സാക്ഷരത, വിപുലമായ ഗതാഗത സംവിധാനങ്ങള്‍, സാമ്പത്തികമായ ഉന്നമനം എന്നിവയ്ക്ക് വിലവര്‍ധനവ്‌ പ്രത്യക്ഷമായിത്തന്നെ ഒരു വിലങ്ങുതടിയാണ്. ഒരു വികസനോന്മുഖ രാജ്യമെന്ന നിലയില്‍ ഇന്ത്യയില്യ്ക്ക് ഇതുവരെ ഈ സൂചകങ്ങളെ തൃപ്തികരമാം വിധം നേടിയെടുക്കുവാന്‍ സാധിച്ചിട്ടില്ല, മറിച്ച് കൂടുതല്‍ വഷളാകുകയുമാണ്.  ഇന്ത്യയിലെ സ്ഥിതിഗതികള്‍ വച്ചു നോക്കുമ്പോള്‍ ഭാവി അത്ര ആശാവഹമല്ല എന്നതാണ് സത്യം.
       2013-ലെ ഔദ്യോകിക കണക്കു പ്രകാരം ഇന്ത്യയില്‍ ഏകദേശം 30 ശതമാനം പേര്‍ പട്ടിണിയിലാണ്. എന്നാല്‍ സ്ഥിതി ഇതിനെക്കാള്‍ കഷ്ടമാണെന്നതാണ് സത്യം. ദാരിദ്ര രേഖയില്‍ താഴെ ജീവിക്കുന്നവരെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം തുടര്‍ച്ചയായി പരിഷ്കരിച്ച് യഥാര്‍ത്ഥ പട്ടിണിക്കാരെ കൂടി പണക്കാരുടെ പട്ടികയില്‍ പെടുത്തുകയാണ് ചെയ്തിട്ടുള്ളത്. കൂടാതെ അനേകം പേര്‍ തെരുവില്‍, ഒരു നേരത്തിനു ആഹാരം പോലും വകയില്ലാതെ കഴിയുന്നു. ഈ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന വിലക്കയറ്റത്തെ നാം നോക്കിക്കാണേണ്ടത്.
          ഇപ്പോഴത്തെ വിലക്കയറ്റത്തിന്‍റെ മുഖ്യ കാരണം പെട്രോളിന്‍റെയും ഡീസലിന്‍റെയും വില വര്‍ധനവാണ്. ഇന്ത്യ ഇപ്പോഴും ഒരു ഉപഭോക്തൃ രാജ്യമാണ്. പല കാര്യങ്ങളിലും നമുക്ക് സ്വയം പര്യാപ്തത നേടാനായിട്ടില്ല. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍. രാജ്യത്ത് 22 പെട്രോളിയം റിഫൈനറീസ് ഉണ്ട്. എന്നാല്‍ രാജ്യത്താകമാനം ഉള്ള ആവശ്യം നിറവേറ്റത്തക്കവണ്ണം ശേഷി ഇവയ്ക്ക്  ഇല്ല. (ലോകത്താകമാനമുള്ള ഉത്‌പാദനത്തിന്‍റെ 1.04%)  അത് കൊണ്ട് തന്നെ ക്രൂഡ് ഓയിലിന്‍റെ ഇറക്കുമതി ഒഴിവാക്കാനാകില്ല. ഈ സാഹചര്യത്തില്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് ഉണ്ടാകുന്ന വില വ്യതിയാനം നമ്മുടെ സമ്പദ്ഘടനയില്‍ പ്രത്യക്ഷമായിത്തന്നെ പ്രതിഫലിക്കും.
      അന്താരാഷ്ട്ര ഊര്‍ജ ഏജന്‍സിയുടെ (IEA) കണക്കു പ്രകാരം അമേരിക്കയാണ് ക്രൂഡ് ഓയില്‍ ഉത്‌പാദനത്തില്‍ മുന്‍പന്തിയില്‍. റഷ്യയാണ് രണ്ടാം സ്ഥാനത്ത്, തൊട്ടു പിറകില്‍ സൗദി അറേബ്യയും. ഇന്ത്യ പ്രധാനമായും സൗദി അറേബ്യയില്‍ നിന്നാണ് ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നത്.
      പെട്രോളിനും ഡീസലിനും പാചക വാതകത്തിനും ഉണ്ടാകുന്ന വില വ്യത്യാസമാണ് ഇന്ന് ഇന്ത്യയിലെ വിലക്കയറ്റത്തിന് പ്രധാന കാരണം. പെട്രോളിന്‍റെയും ഡീസലിന്റെയും വില നിയന്ത്രണം എടുത്തു കളഞ്ഞതോടെ സ്ഥിതിഗതികള്‍ ആകെ വഷളായി.
      ഡീസലിന്റെ വില വര്‍ധനവ്‌ പൊതു ഗതാഗത സംവിധാനത്തെ ആഴത്തില്‍ ബാധിച്ചു. ഭക്ഷ്യ വസ്തുക്കളുടെ ചരക്കു നീക്കം ഉള്‍പ്പെടെ ഉള്ളവയുടെ കൂലി അതി ഭീകരമാം വിധം വര്‍ധിപ്പിക്കേണ്ടി വന്നു. ഇത് ഭക്ഷണ വസ്തുക്കളുടെയും മറ്റു ഇറക്കുമതി ഉല്‍പ്പന്നങ്ങളുടെയും വില വര്‍ധനവിന് കാരണമായി. ഇത് ഏറ്റവും പ്രതികൂലമായി ബാധിച്ചത് കേരളത്തെയാണ്. കാരണം കേരളം പൂര്‍ണമായും ഒരു ഉപഭോക്തൃ സംസ്ഥാനമായി മാറിക്കഴിഞ്ഞു. ഒരു കാലത്ത് നെല്ലുല്‍പാദനം  കേരളത്തിന്‍റെ കുത്തകയായിരുന്നു. ഇന്നാകട്ടെ നാളീകേരം പോലും അന്യ സംസ്ഥാനങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുകയാണ്. പച്ചക്കറി, പഴവര്‍ഗങ്ങള്‍, വസ്ത്രം എന്ന് വേണ്ട സകല വസ്തുക്കള്‍ക്കും നാമിന്നു  മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്നു.
      പാചക വാതകത്തിന്റെ വില വര്‍ധനവ്‌ ഭക്ഷണത്തിന്‍റെ വില വര്‍ധനയ്ക്ക് പ്രത്യക്ഷമായ കാരണമായി. ഇന്ന് ചെറുകിട ഹോട്ടലുകളിലും, എന്തിന്  തട്ടുകടകളില്‍ പോലും പാചകവാതകം ഉപയോഗിക്കുന്നുണ്ട്. കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് മുപ്പതു രൂപയ്ക്ക് നല്ലൊരു ഊണ് കിട്ടുമായിരുന്നെങ്കില്‍ ഇന്ന് ആ സ്ഥാനത്ത് അറുപതും എഴുപതും രൂപ കൊടുക്കണം. അഞ്ചു രൂപയ്ക്ക് കിട്ടിക്കൊണ്ടിരുന്ന നാരങ്ങാ വെള്ളം പോലും ഇപ്പൊ പതിനഞ്ചു രൂപയാണ്.
      ഡീസല്‍ വില വര്‍ധനവ്‌ ഏറ്റവും പ്രതികൂലമായി ബാധിച്ചത് സാധാരണക്കാരെയാണ്. പൊതു ഗതാഗത സംവിധാനങ്ങളെ മാത്രം ആശ്രയിച്ചിരുന്ന സാധാരണക്കാരന്‌ ബസ്‌ ടിക്കറ്റ്‌ ചാര്‍ജ് വര്‍ധനവ്‌ ഇരുട്ടടിയായി.  3 രൂപ ഉണ്ടായിരുന്ന മിനിമം ടിക്കറ്റ്‌ നിരക്ക് ഇപ്പൊ 7 രൂപയില്‍ വന്നു നില്‍ക്കുന്നു. കൂടാതെ അതേ നിരക്കില്‍ സഞ്ചരിക്കാവുന്ന ദൂരവും കുറഞ്ഞു. KSRTC യുടെ ദീര്‍ഘ ദൂര ബസുകളില്‍ സഞ്ചരിക്കണമെങ്കില്‍ ഇനി കുടുംബം പണയം വക്കണം. ഫാസ്റ്റിലും സൂപ്പര്‍ ഫാസ്റ്റിലും എക്സ്പ്രസ്സിലും എല്ലാം അതിഭീകരമായ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ടിക്കറ്റ്‌ ചാര്‍ജ് വര്‍ധനവ്‌ കൂടാതെ ഇന്‍ഷുറന്‍സ്, വിദ്യാഭ്യാസ സെസ് എന്നിങ്ങനെ വിവിധ നികുതികളും കൂടിയാകുമ്പോള്‍ ഒരു വലിയ തുക സര്‍ക്കാര്‍ ബസുകളില്‍ മുടക്കേണ്ടി വരുമെന്ന് സാരം. ഇനി ഓര്‍ഡിനറി ബസുകളില്‍ എവിടെക്കെങ്കിലും പോകാനിറങ്ങമെന്നു വച്ചാലോ യാത്ര മതിയാക്കി തിരിച്ചു പോയാലോ എന്ന് വരെ നാം ചിന്തിച്ചു പോകും. ട്രെയിനില്‍ പോകാമെന്ന് കരുതിയാലും രക്ഷയില്ല. ട്രെയിന്‍ നിരക്കുകളും കുത്തനെ കൂട്ടി.
      എല്ലാ മേഖലയിലും ഉണ്ടാകുന്ന ഈ വിലക്കയറ്റം നാടിന്‍റെ വികസനത്തെയാണ് പ്രതികൂലമായി ബാധിക്കുന്നത്. അസംസ്കൃത വസ്തുക്കള്‍ക്കുണ്ടാകുന്ന വില വര്‍ധനവ്‌ ഉത്പാദന-നിര്‍മാണ മേഖലകളെ തളര്‍ത്തുന്നു. ചെലവ് കൂടുന്നതിനനുസരിച്ച് വരുമാനം കൂടാത്തത് സാധാരണക്കാരന്‌ പലപ്പോഴും അടിയാകുന്നു. ദരിദ്രര്‍ കൂടുതല്‍ ദരിദ്രരാകുന്നു, സമ്പന്നര്‍ കൂടുതല്‍ സമ്പന്നതയിലേക്ക് കുതിക്കുന്നു. ഇങ്ങനെയൊരു അസമത്വവും നമ്മുടെ സമൂഹത്തില്‍ വളര്‍ന്നു വരുന്നുണ്ട്.
      വിദ്യാഭ്യാസ മേഖലയും ഇവിടെ മാറ്റി നിrത്തപ്പെടുന്നില്ല. LKG മുതല്‍ ഉന്നത പഠനം വരെ പണം ഒരു മാനദണ്ഡമാകുന്നു. മെഡിസിനും എന്‍ജിനീയറിങ്ങിനും മറ്റു ഉന്നത പഠനങ്ങള്‍ക്കുമായി ഒരു വലിയ തുക മുടക്കേണ്ടി വരുന്നു. പണമുള്ള, നിലവാരം കുറഞ്ഞവര്‍ക്ക് അഡ്മിഷന്‍ ലഭിക്കുമ്പോള്‍ പണമില്ലാത്ത കഴിവുള്ള കുട്ടികള്‍ പഠനമുപേക്ഷിച്ച് കൂലിപ്പണിക്ക് പോകേണ്ടി വരുന്നു. ഈ വേര്‍തിരിവ് സമൂഹത്തില്‍ വലിയൊരു വിടവ് സൃഷ്ടിക്കും. നിരാശരായ ഒരുകൂട്ടം ജനവിഭാഗം സമൂഹത്തില്‍ വളര്‍ന്നു വരുന്നുണ്ട്. ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഇതുമൂലം ഉണ്ടായേക്കാം.
      ചുരുക്കത്തില്‍ വിലക്കയറ്റം ഒരു സാമൂഹിക പ്രശ്നം തന്നെയാണ്. അഴിമതിയും സ്വജനപക്ഷപാതവും നമ്മുടെ സമൂഹത്തിന്‍റെ വളര്‍ച്ചയെ വലിയൊരു ശതമാനം പുറകോട്ടു വലിക്കുന്നുണ്ട്. കൂട്ടത്തില്‍ വിലക്കയറ്റം കൂടിയാകുമ്പോള്‍ പിന്നെ പറയുകയും വേണ്ട. നട്ടം തിരിയുന്നത് സാധാരണക്കാരാണ്. തലവേദന വരുമ്പോള്‍ ഒരു ഗുളിക പോലും വാങ്ങിക്കഴിക്കാന്‍ സാധിക്കാത്ത വിധം വിലക്കയറ്റം സാധാരണക്കാരനെ ബാധിക്കും. ഉള്‍ക്കാഴ്ചയുള്ള ഭരണകര്‍ത്താക്കളും വികസനോന്മുഖമായ  ഭരണസംവിധാനങ്ങളും ഇല്ലാത്തതാണ് നമ്മുടെ നാടിന്‍റെ ശാപം. ഭാവിയിലെങ്കിലും ഇതിനോരറുതി വരുമെന്ന് പ്രത്യാശിക്കാം.