Wednesday, November 12, 2014

വാര്‍ത്തകളറിയൂ, ആകാശവാണിയുടെ 'ന്യൂസ് ഓണ്‍ ഫോണി'ലൂടെ

റേഡിയോ വാങ്ങാതെ, ഇന്‍റര്‍നെറ്റിനു പണം മുടക്കാതെ, നിങ്ങള്‍ക്കാവശ്യമുള്ളപ്പോള്‍ വാര്‍ത്തകള്‍ കേള്‍ക്കണോ? അതും നിങ്ങളുടെ മൊബൈല്‍ ഫോണില്‍. വിളിക്കൂ ആകാശവാണിയുടെ 'ന്യൂസ്‌ ഓണ്‍ ഫോണി'ലേക്ക്(News on Phone-NOP). 0471-2335702 എന്ന നമ്പറിലേക്ക് വിളിച്ചാല്‍  പ്രാദേശിക-ദേശീയ-അന്തര്‍ദേശീയ തലത്തിലുണ്ടായിട്ടുള്ള പ്രധാന സംഭവ വികാസങ്ങളുടെ ഒരു സംഷിപ്ത രൂപം കേള്‍ക്കാം, ഒരു ലോക്കല്‍ കോളിന്‍റെ ചെലവില്‍...!



      വാര്‍ത്തകളില്‍ ജീവിക്കുന്നവരാണ് നാം. വിവരസാങ്കേതിക വിദ്യയുടെ വളര്‍ച്ച എല്ലാ മേഖലയിലും ഒരു വന്‍ വിപ്ലവം സൃഷ്ടിച്ചു, വാര്‍ത്തകളുടെ കാര്യത്തിലും അതെ. ഇന്ന് വാര്‍ത്തകളറിയാന്‍ എത്രയെത്ര വഴികള്‍. വിവരങ്ങളുടെ ഒരു കുത്തൊഴുക്ക് തന്നെയാണ് ഇപ്പോള്‍ ഉണ്ടാകുന്നത്. അതുകൊണ്ട് തന്നെ ഏറ്റവും പ്രധാനപ്പെട്ട വിവരങ്ങള്‍-വാര്‍ത്തകള്‍ കലര്‍പ്പില്ലാതെ, നിഷ്പക്ഷമായി, ചുരുങ്ങിയ സമയം കൊണ്ട് അറിയാന്‍  എല്ലാവര്‍ക്കും താല്‍പര്യം കാണും. ന്യൂസ്‌ ഓണ്‍ ഫോണ്‍ സേവനം അത്തരമൊരു അവസരമാണ് എല്ലാവര്‍ക്കും നല്‍കുന്നത്.

   
  ഏറ്റവും പ്രധാനപ്പെട്ട വാര്‍ത്തകളുടെ ഒരു സംസ്കരിച്ച രൂപമാണ് ന്യൂസ്‌-ഓണ്‍-ഫോണില്‍ ലഭ്യമാകുന്നത്. വാര്‍ത്തകള്‍ പ്രത്യക സോഫ്റ്റ്‌വെയറിന്‍റെ സഹായത്തോടെ ഒരു ഡിജിറ്റല്‍ ഫയല്‍ ആയി റെക്കോര്‍ഡ്‌ ചെയ്ത് സൂക്ഷിക്കുന്നു. ഉപയോക്താവിന്‍റെ കാള്‍ വരുമ്പോള്‍ അതിനെ സ്വീകരിച്ച് റെക്കോര്‍ഡ്‌ ചെയത് വച്ചിരിക്കുന്ന  ഓഡിയോ ഫയല്‍  കേള്‍പ്പിക്കുന്നതും ഈ സോഫ്റ്റ്‌വെയര്‍ ആണ്. ഒരു മിനിട്ട് മുതല്‍ മൂന്നു മിനിട്ട് വരെയാണ്  കാപ്സൂള്‍ രൂപത്തിലുള്ള ഈ വാര്‍ത്താ ബുള്ളറ്റിനുകളുടെ ദൈര്‍ഘ്യം. പുതിയ വാര്‍ത്തകള്‍ വരുന്നതിനനുസരിച്ച്  ഈ ചെറു ബുള്ളറ്റിനുകള്‍ നവീകരിക്കുന്നു. ആകാശവാണി, BSNL-മായി ചേര്‍ന്നാണ് ഈ സംരംഭം തുടര്‍ന്നുകൊണ്ട് പോകുന്നത്.

      1998-ല്‍ ഡല്‍ഹിയിലാണ് ഈ സേവനം രാജ്യത്ത് ആദ്യമായി തുടങ്ങിയത്. പിന്നീടു മറ്റു സംസ്ഥാനങ്ങളിലേക്കും ഇത് വ്യാപിപ്പിച്ചു. ചെന്നൈ, മുംബൈ, ബംഗളൂരു തുടങ്ങി 14 കേന്ദ്രങ്ങളില്‍ നിന്ന് വാര്‍ത്തകള്‍ ഇപ്പോള്‍ ലഭ്യമാണ്. 2006 മുതലാണ് തിരുവനന്തപുരത്ത് ഈ സേവനം ആരംഭിച്ചത്. ഇംഗ്ലീഷ് വാര്‍ത്തകള്‍ക്ക് വേണ്ടിയുള്ള നമ്പരുകളില്‍ വിളിച്ചാല്‍ പലപ്പോഴും വാര്‍ത്തകള്‍ ലഭിക്കാറില്ല എന്നത് ഒരു ന്യുനതയായി നിലനില്‍ക്കുന്നു.   ലോകത്തെവിടെ നിന്നും NOP നമ്പറുകളിലേയ്ക്ക് വിളിച്ച് പുതിയ വാര്‍ത്തകള്‍ അറിയാം. ദിവസേന ആയിരക്കണക്കിന് ഉപയോക്താക്കളാണ് ഈ  സേവനം പ്രയോജനപ്പെടുത്തുന്നത്.



ഭാഷാ അടിസ്ഥാനത്തിലുള്ള  NOP നമ്പറുകള്‍ 
AIR NOP - List of Phone Numbers

ഫോണ്‍ നമ്പരുകളുടെ വേര്‍ഡ്‌ (MS Word) ഫോര്‍മാറ്റിലുള്ള ഫയല്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ താഴെ കാണുന്ന ഡൌണ്‍ലോഡ് ഐക്കണില്‍ ക്ലിക്ക് ചെയ്യുക.


   Rafeek Rahman   

No comments:

Post a Comment