Tuesday, July 08, 2014

റയില്‍വേ ബജറ്റ്; സുരക്ഷക്കും വേഗതക്കും മുന്‍‌തൂക്കം

      എന്‍ ഡി എ സര്‍ക്കാറിന്‍റെ ആദ്യ റയില്‍വേ ബജറ്റ് ഇന്ന് റയില്‍വേ മന്ത്രി സദാനന്ദ ഗൌഡ  അവതരിപ്പിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനുള്ള നടപടികല്‍ക്കാകും മുന്‍‌തൂക്കം നല്‍കുക. സുരക്ഷ, സംരക്ഷണം, വേഗത എന്നിവയ്ക്ക് പ്രാമുഖ്യം നല്‍കും. സ്വകാര്യമേഖലയുടെ സഹകരണത്തോടെ പുതിയ പദ്ധതികള്‍ക്ക് രൂപം നല്‍കാനും തീരുമാനമുണ്ട്. യാത്രാ നിരക്കും ചരക്കു കൂലിയും അടുത്തിടെ കൂട്ടിയത് കൊണ്ട് അതില്‍ വര്‍ധനയുണ്ടാകാന്‍ സാധ്യതയില്ല.


      മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗതയുള്ള ബുള്ളെറ്റ് ട്രെയിന്‍, അതിനാവശ്യമായ പാളങ്ങള്‍, അതിവേഗ ട്രെയിനുകള്‍, അടിസ്ഥാന സൌകര്യ വികസനം, ശുചിത്വം തുടങ്ങിയവയ്ക്ക് പ്രത്യേക പരിഗണന നല്‍കും. വികസനത്തിനാവശ്യമായ സാമ്പത്തികം കണ്ടെത്താന്‍ വിദേശ നിക്ഷേപകരെയും സ്വകാര്യ മേഖലയെയും ആശ്രയിക്കും. 

      കേരളത്തിന്‌ ഏറെയൊന്നും പ്രതീക്ഷയില്ലാത്ത ഒരു ബജറ്റ് ആണിത്. കഴിഞ്ഞ ബജറ്റുകളില്‍ കേരളം പാടെ അവഗണിക്കപ്പെടുകയാണുണ്ടായത്. ഇത്തവണ കേരളത്തിന്‍റെ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രധാന മന്ത്രിക്കും റയില്‍വേ മന്ത്രിക്കും നിവേദനം നല്‍കിയിട്ടുണ്ട്. കഞ്ചിക്കോട് കോച്ച് ഫാക്ടറി,  ചേര്‍ത്തല വാഗണ്‍ ഫാക്ടറി, പാത ഇരട്ടിപ്പിക്കല്‍ തുടങ്ങിയവയാണ് കേരളത്തിന്‍റെ പ്രധാന ആവശ്യങ്ങള്‍. കേരളം ആസ്ഥാനമായി പുതിയ റെയില്‍വേ മേഖല എന്ന ആവശ്യവും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.


No comments:

Post a Comment