Wednesday, July 09, 2014

ബെലെ ഹോറിസോണ്ടയില്‍ വീണ്ടും ഒരു ബ്രസീലിയന്‍ ദുരന്തം

      ഉയരം കൂടുന്തോറും വീഴ്ചയുടെ ആഘാതവും കൂടും എന്ന് പറയുന്നതെത്ര ശരി. ആരാധകരുടെയും നാട്ടുകാരുടെയും പ്രതീക്ഷകള്‍ വാനോളം ഉയര്‍ന്നിരിക്കവേയാണ് ബ്രസീല്‍ ജര്‍മന്‍ പടയോട്  7-1 എന്ന ദയനീയ തോല്‍വി എറ്റു വാങ്ങിയത്. അക്ഷരാര്‍ഥത്തില്‍ ബെലെ ഹോറിസോണ്ട സ്റ്റേഡിയത്തില്‍ ബ്രസീല്‍ ഭസ്മമായിപ്പോയി.


      സൂപ്പര്‍ താരം നെയ്മര്‍ ഇല്ലാതെയിറങ്ങിയ ബ്രസീലിയന്‍ പട വിജയക്കുതിപ്പ് നടത്തുമെന്ന് തന്നെയായിരുന്നു പ്രതീക്ഷ. എന്നാല്‍ കളി തുടങ്ങി ആദ്യ മിനിറ്റുകളില്‍ തന്നെ കഥ മാറി. പതിനൊന്നാം മിനിട്ട് മുതല്‍ ബ്രസീലിന്‍റെ ഗോള്‍ വല ചലിച്ചു തുടങ്ങി. വെറും ആറു മിനിട്ടിനുള്ളില്‍ നാലു ഗോളുകള്‍. ആദ്യ പകുതി അവസാനിച്ചപ്പോള്‍ ജര്‍മന്‍ അക്കൗണ്ടില്‍  5 ഗോളുകള്‍. ഒരു ഗോള്‍ പോലും മടക്കാന്‍ ബ്രസീലിന് സാധിച്ചില്ല. 

      23-ആം മിനിറ്റില്‍ തന്‍റെ രണ്ടാം ഗോള്‍ കണ്ടെത്തിയ മിറോസ്ലാവ് ക്ലോസ്സെ ലോക കപ്പില്‍ ഈറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന വ്യക്തിയായി. ലോക കപ്പില്‍ തന്‍റെ 16-ആം ഗോളോട് കൂടി ബ്രസീലിന്‍റെ റൊണാള്‍ഡോയുടെ റെക്കോര്‍ഡ്‌ ആണ് ക്ലോസ്സെ തിരുത്തിയത്.

നിരാശയോടെ ഒരു ബ്രസീല്‍ ആരാധിക 

      അവസാന മിനിട്ടുകളിലാണ്‌ ബ്രസീലിന് ഒരു ഗോള്‍ നേടാനായത്. ഒരാശ്വാസ ഗോള്‍ എന്ന് പോലും പറയാനാകാത്ത ഗോള്‍ ഓസ്കാര്‍ നേടിയപ്പോഴേക്കും ആരാധകര്‍ മടങ്ങിയിരുന്നു. സ്വന്തം മണ്ണില്‍ 38 വര്‍ഷങ്ങള്‍ക്കും 64 കളികള്‍ക്കും ശേഷമാണ് ബ്രസീല്‍ ഒരു മത്സരം തോല്‍ക്കുന്നത്. 1975-ല്‍ പെറുവിനോട് ഇതേ സ്റ്റേഡിയത്തിലാണ് ബ്രസീല്‍ ദയനീയമായി പരാജയപ്പെട്ടത്. 

      എട്ടാം തവണയാണ് ജര്‍മനി ഫൈനലില്‍ പ്രവേശിക്കുന്നത്.  അവസാനമായി  2002-ല്‍ ബ്രസീലിനോട് തന്നെയാണ് ജര്‍മനി ഫൈനലില്‍ തോറ്റത്. ആ തോല്‍വിക്ക് മധുരമായി തന്നെ പകരം വീട്ടി. 

No comments:

Post a Comment