വിലക്കയറ്റം എങ്ങനെയാണ് വികസനത്തിന് തടസമാകുന്നത്? ഉത്തരം വളരെ ലളിതം. വികസനത്തിന്‍റെ സൂചകങ്ങളായ ദാരിദ്ര്യ നിര്‍മാര്‍ജനം, പൊതുജനാരോഗ്യം, സാക്ഷരത, വിപുലമായ ഗതാഗത സംവിധാനങ്ങള്‍, സാമ്പത്തികമായ ഉന്നമനം എന്നിവയ്ക്ക് വിലവര്‍ധനവ് പ്രത്യക്ഷമായിത്തന്നെ ഒരു വിലങ്ങുതടിയാണ്. ഒരു വികസനോന്മുഖ രാജ്യമെന്ന നിലയില്‍ ഇന്ത്യയില്യ്ക്ക് ഇതുവരെ ഈ സൂചകങ്ങളെ തൃപ്തികരമാം വിധം നേടിയെടുക്കുവാന്‍ സാധിച്ചിട്ടില്ല, മറിച്ച് കൂടുതല്‍ വഷളാകുകയുമാണ്. ഇന്ത്യയിലെ സ്ഥിതിഗതികള്‍ വച്ചു നോക്കുമ്പോള്‍ ഭാവി അത്ര ആശാവഹമല്ല എന്നതാണ് സത്യം.
2013-ലെ ഔദ്യോകിക കണക്കു പ്രകാരം ഇന്ത്യയില്‍ ഏകദേശം 30 ശതമാനം പേര്‍ പട്ടിണിയിലാണ്. എന്നാല്‍ സ്ഥിതി ഇതിനെക്കാള്‍ കഷ്ടമാണെന്നതാണ് സത്യം. ദാരിദ്ര രേഖയില്‍ താഴെ ജീവിക്കുന്നവരെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം തുടര്‍ച്ചയായി പരിഷ്കരിച്ച് യഥാര്‍ത്ഥ പട്ടിണിക്കാരെ കൂടി പണക്കാരുടെ പട്ടികയില്‍ പെടുത്തുകയാണ് ചെയ്തിട്ടുള്ളത്. കൂടാതെ അനേകം പേര്‍ തെരുവില്‍, ഒരു നേരത്തിനു ആഹാരം പോലും വകയില്ലാതെ കഴിയുന്നു. ഈ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന വിലക്കയറ്റത്തെ നാം നോക്കിക്കാണേണ്ടത്.
ഇപ്പോഴത്തെ വിലക്കയറ്റത്തിന്‍റെ മുഖ്യ കാരണം പെട്രോളിന്‍റെയും ഡീസലിന്റെയും വില വര്‍ധനവാണ്. ഇന്ത്യ ഇപ്പോഴും ഒരു ഉപഭോക്തൃ രാജ്യമാണ്. പല കാര്യങ്ങളിലും നമുക്ക് സ്വയം പര്യാപ്തത നേടാനായിട്ടില്ല. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍. രാജ്യത്ത് 22 പെട്രോളിയം റിഫൈനറീസ് ഉണ്ട്. എന്നാല്‍ രാജ്യത്താകമാനം ഉള്ള ആവശ്യം നിറവേറ്റത്തക്കവണ്ണം ശേഷി ഇവയ്ക്ക് ഇല്ല. (ലോകത്താകമാനമുള്ള ഉത്‌പാദനത്തിന്‍റെ 1.04%) അത് കൊണ്ട് തന്നെ ക്രൂഡ് ഓയിലിന്‍റെ ഇറക്കുമതി ഒഴിവാക്കാനാകില്ല. ഈ സാഹചര്യത്തില്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് ഉണ്ടാകുന്ന വില വ്യതിയാനം നമ്മുടെ സമ്പദ്ഘടനയില്‍ പ്രത്യക്ഷമായിത്തന്നെ പ്രതിഫലിക്കും.
അന്താരാഷ്ട്ര ഊര്‍ജ ഏജന്‍സിയുടെ (IEA) കണക്കു പ്രകാരം അമേരിക്കയാണ് ക്രൂഡ് ഓയില്‍ ഉത്‌പാദനത്തില്‍ മുന്‍പന്തിയില്‍. റഷ്യയാണ് രണ്ടാം സ്ഥാനത്ത്, തൊട്ടു പിറകില്‍ സൗദി അറേബ്യയും. ഇന്ത്യ പ്രധാനമായും സൗദി അറേബ്യയില്‍ നിന്നാണ് ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നത്.
പെട്രോളിനും ഡീസലിനും പാചക വാതകത്തിനും ഉണ്ടാകുന്ന വില വ്യത്യാസമാണ് ഇന്ന് ഇന്ത്യയിലെ വിലക്കയറ്റത്തിന് പ്രധാന കാരണം. പെട്രോളിന്‍റെയും ഡീസലിന്റെയും വില നിയന്ത്രണം എടുത്തു കളഞ്ഞതോടെ സ്ഥിതിഗതികള്‍ ആകെ വഷളായി.
ഡീസലിന്റെ വില വര്‍ധനവ് പൊതു ഗതാഗത സംവിധാനത്തെ ആഴത്തില്‍ ബാധിച്ചു. ഭക്ഷ്യ വസ്തുക്കളുടെ ചരക്കു നീക്കം ഉള്‍പ്പെടെ ഉള്ളവയുടെ കൂലി അതി ഭീകരമാം വിധം വര്‍ധിപ്പിക്കേണ്ടി വന്നു. ഇത് ഭക്ഷണ വസ്തുക്കളുടെയും മറ്റു ഇറക്കുമതി ഉല്‍പ്പന്നങ്ങളുടെയും വില വര്‍ധനവിന് കാരണമായി. ഇത് ഏറ്റവും പ്രതികൂലമായി ബാധിച്ചത് കേരളത്തെയാണ്. കാരണം കേരളം പൂര്‍ണമായും ഒരു ഉപഭോക്തൃ സംസ്ഥാനമായി മാറിക്കഴിഞ്ഞു. ഒരു കാലത്ത് നെല്ലുല്‍പാദനം കേരളത്തിന്‍റെ കുത്തകയായിരുന്നു. ഇന്നാകട്ടെ നാളീകേരം പോലും അന്യ സംസ്ഥാനങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുകയാണ്. പച്ചക്കറി, പഴവര്‍ഗങ്ങള്‍, വസ്ത്രം എന്ന് വേണ്ട സകല വസ്തുക്കള്‍ക്കും നാമിന്നു മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്നു.
പാചക വാതകത്തിന്റെ വില വര്‍ധനവ് ഭക്ഷണത്തിന്‍റെ വില വര്‍ധനയ്ക്ക് പ്രത്യക്ഷമായ കാരണമായി. ഇന്ന് ചെറുകിട ഹോട്ടലുകളിലും, എന്തിന് തട്ടുകടകളില്‍ പോലും പാചകവാതകം ഉപയോഗിക്കുന്നുണ്ട്. കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് മുപ്പതു രൂപയ്ക്ക് നല്ലൊരു ഊണ് കിട്ടുമായിരുന്നെങ്കില്‍ ഇന്ന് ആ സ്ഥാനത്ത് അറുപതും എഴുപതും രൂപ കൊടുക്കണം. അഞ്ചു രൂപയ്ക്ക് കിട്ടിക്കൊണ്ടിരുന്ന നാരങ്ങാ വെള്ളം പോലും ഇപ്പൊ പതിനഞ്ചു രൂപയാണ്.
ഡീസല്‍ വില വര്‍ധനവ് ഏറ്റവും പ്രതികൂലമായി ബാധിച്ചത് സാധാരണക്കാരെയാണ്. പൊതു ഗതാഗത സംവിധാനങ്ങളെ മാത്രം ആശ്രയിച്ചിരുന്ന സാധാരണക്കാരന് ബസ് ടിക്കറ്റ് ചാര്‍ജ് വര്‍ധനവ് ഇരുട്ടടിയായി. 3 രൂപ ഉണ്ടായിരുന്ന മിനിമം ടിക്കറ്റ് നിരക്ക് ഇപ്പൊ 7 രൂപയില്‍ വന്നു നില്‍ക്കുന്നു. കൂടാതെ അതേ നിരക്കില്‍ സഞ്ചരിക്കാവുന്ന ദൂരവും കുറഞ്ഞു. KSRTC യുടെ ദീര്‍ഘ ദൂര ബസുകളില്‍ സഞ്ചരിക്കണമെങ്കില്‍ ഇനി കുടുംബം പണയം വക്കണം. ഫാസ്റ്റിലും സൂപ്പര്‍ ഫാസ്റ്റിലും എക്സ്പ്രസ്സിലും എല്ലാം അതിഭീകരമായ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ടിക്കറ്റ് ചാര്‍ജ് വര്‍ധനവ് കൂടാതെ ഇന്‍ഷുറന്‍സ്, വിദ്യാഭ്യാസ സെസ് എന്നിങ്ങനെ വിവിധ നികുതികളും കൂടിയാകുമ്പോള്‍ ഒരു വലിയ തുക സര്‍ക്കാര്‍ ബസുകളില്‍ മുടക്കേണ്ടി വരുമെന്ന് സാരം. ഇനി ഓര്‍ഡിനറി ബസുകളില്‍ എവിടെക്കെങ്കിലും പോകാനിറങ്ങമെന്നു വച്ചാലോ യാത്ര മതിയാക്കി തിരിച്ചു പോയാലോ എന്ന് വരെ നാം ചിന്തിച്ചു പോകും. ട്രെയിനില്‍ പോകാമെന്ന് കരുതിയാലും രക്ഷയില്ല. ട്രെയിന്‍ നിരക്കുകളും കുത്തനെ കൂട്ടി.
എല്ലാ മേഖലയിലും ഉണ്ടാകുന്ന ഈ വിലക്കയറ്റം നാടിന്‍റെ വികസനത്തെയാണ് പ്രതികൂലമായി ബാധിക്കുന്നത്. അസംസ്കൃത വസ്തുക്കള്‍ക്കുണ്ടാകുന്ന വില വര്‍ധനവ് ഉത്പാദന-നിര്‍മാണ മേഖലകളെ തളര്‍ത്തുന്നു. ചെലവ് കൂടുന്നതിനനുസരിച്ച് വരുമാനം കൂടാത്തത് സാധാരണക്കാരന് പലപ്പോഴും അടിയാകുന്നു. ദരിദ്രര്‍ കൂടുതല്‍ ദരിദ്രരാകുന്നു, സമ്പന്നര്‍ കൂടുതല്‍ സമ്പന്നതയിലേക്ക് കുതിക്കുന്നു. ഇങ്ങനെയൊരു അസമത്വവും നമ്മുടെ സമൂഹത്തില്‍ വളര്‍ന്നു വരുന്നുണ്ട്.
വിദ്യാഭ്യാസ മേഖലയും ഇവിടെ മാറ്റി നിrത്തപ്പെടുന്നില്ല. LKG മുതല്‍ ഉന്നത പഠനം വരെ പണം ഒരു മാനദണ്ഡമാകുന്നു. മെഡിസിനും എന്‍ജിനീയറിങ്ങിനും മറ്റു ഉന്നത പഠനങ്ങള്‍ക്കുമായി ഒരു വലിയ തുക മുടക്കേണ്ടി വരുന്നു. പണമുള്ള, നിലവാരം കുറഞ്ഞവര്‍ക്ക് അഡ്മിഷന്‍ ലഭിക്കുമ്പോള്‍ പണമില്ലാത്ത കഴിവുള്ള കുട്ടികള്‍ പഠനമുപേക്ഷിച്ച് കൂലിപ്പണിക്ക് പോകേണ്ടി വരുന്നു. ഈ വേര്‍തിരിവ് സമൂഹത്തില്‍ വലിയൊരു വിടവ് സൃഷ്ടിക്കും. നിരാശരായ ഒരുകൂട്ടം ജനവിഭാഗം സമൂഹത്തില്‍ വളര്‍ന്നു വരുന്നുണ്ട്. ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഇതുമൂലം ഉണ്ടായേക്കാം.
ചുരുക്കത്തില്‍ വിലക്കയറ്റം ഒരു സാമൂഹിക പ്രശ്നം തന്നെയാണ്. അഴിമതിയും സ്വജനപക്ഷപാതവും നമ്മുടെ സമൂഹത്തിന്‍റെ വളര്‍ച്ചയെ വലിയൊരു ശതമാനം പുറകോട്ടു വലിക്കുന്നുണ്ട്. കൂട്ടത്തില്‍ വിലക്കയറ്റം കൂടിയാകുമ്പോള്‍ പിന്നെ പറയുകയും വേണ്ട. നട്ടം തിരിയുന്നത് സാധാരണക്കാരാണ്. തലവേദന വരുമ്പോള്‍ ഒരു ഗുളിക പോലും വാങ്ങിക്കഴിക്കാന്‍ സാധിക്കാത്ത വിധം വിലക്കയറ്റം സാധാരണക്കാരനെ ബാധിക്കും. ഉള്‍ക്കാഴ്ചയുള്ള ഭരണകര്‍ത്താക്കളും വികസനോന്മുഖമായ ഭരണസംവിധാനങ്ങളും ഇല്ലാത്തതാണ് നമ്മുടെ നാടിന്‍റെ ശാപം. ഭാവിയിലെങ്കിലും ഇതിനോരറുതി വരുമെന്ന് പ്രത്യാശിക്കാം.