Saturday, February 14, 2015

ജനാധിപത്യതിന്‍റെ തിരിച്ചു വരവ്

     Editorial  

ഒരു വലിയ മാറ്റത്തിന്‍റെ തുടക്കത്തിനാണ് രാജ്യതലസ്ഥാനം സാക്ഷ്യം വഹിച്ചിരിക്കുന്നത്. ജനങ്ങള്‍ അവര്‍ക്കിടയില്‍ നിന്ന് പ്രതിനിധികളെ തിരഞ്ഞെടുത്ത് അധികാരത്തില്‍ കൊണ്ട് വന്നിരിക്കുന്നു. ഡല്‍ഹി തങ്ങള്‍ക്കനുകൂലമായി വിധിയെഴുതിയപ്പോള്‍, ഈ വിജയം കണ്ട് അഹങ്കരിക്കരുത് എന്നാണ് അരവിന്ദ് കേജ്രിവാള്‍ തന്‍റെ കൂട്ടരോട് പറഞ്ഞത്. ആ മനോഭാവം തന്നെ നല്ലൊരു സൂചനയാണ് നല്‍കുന്നത്. ജനങ്ങളുടെ സേവകാരായി ജനപ്രതിനിധികള്‍ മാറുന്ന കാഴ്ചയാണ് ഈ ദിവസങ്ങളില്‍ കണ്ടത്. 

ആദ്യ കേജ്രിവാള്‍ മന്ത്രിസഭയ്ക്ക് 49 ദിവസമേ ആയുസ്സുണ്ടായിരുന്നുള്ളൂ എങ്കിലും ജനങ്ങളുടെ മനസ്സില്‍ കയറിപ്പറ്റാന്‍ ആ ഭരണം കൊണ്ടായി. ചുരുങ്ങിയ കാലം കൊണ്ട് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ഏറെക്കുറെ നിറവേറ്റി. അഴിമതി തുടച്ചു നീക്കാന്‍ ഭരണ രംഗത്തും ഗവണ്‍മെന്‍റ് മേഖലകളിലും അഴിച്ചു പണികള്‍ നടത്തി. വിദ്യാഭ്യാസം, വൈദ്യുതി, ജലസേചനം തുടങ്ങി എല്ലാ മേഖലകളിലും പ്രത്യേകം പരിഷ്ക്കാരങ്ങള്‍ കൊണ്ട് വന്നു. ചെലവ് ചുരുക്കി ഭരണനിര്‍വഹണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ ആഹ്വാനം നല്‍കി. ഒരു തുടക്കക്കാരന്‍ എന്ന നിലയില്‍ ഉള്ള അപക്വതകള്‍ ഇല്ലാതെ തന്നെയായിരുന്നു കേജ്രിവാള്‍ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്.

പക്ഷേ, നിര്‍ണ്ണായകമായ ഒരു സമയത്ത് അധികാരം വിട്ടിറങ്ങിയ കേജ്രിവാള്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിട്ടു. കോര്‍പ്പറേറ്റ് ഭീമന്മാരോട് മുട്ടേണ്ടി വന്നതുകൊണ്ട്  ഉണ്ടായ  സമ്മര്‍ദ്ദങ്ങള്‍ക്ക്‌ വഴങ്ങേണ്ടി വന്നതാകാം കേജ്രിവാളിന്‍റെ പടിയിറക്കത്തിനു നിദാനം എന്ന് കരുതുന്നവരുണ്ട്. മാത്രമല്ല AAPക്ക് ഭൂരിപക്ഷം കുറവായിരുന്നത് കൊണ്ട് കോണ്‍ഗ്രസ്സിന്‍റെ പിന്തുണ കൊണ്ടാണ് അധികാരത്തില്‍ കയറിയത്. ഇത് ആദ്യമേ തന്നെ വിമര്‍ശനങ്ങള്‍ ക്ഷണിച്ചു വരുത്തുകയും ചെയ്തു.  രാജി വച്ചതിനെ ചൊല്ലിയുണ്ടായ വിവാദങ്ങളെ അവലോകനം ചെയ്ത ശേഷം താന്‍ ചെയ്തത് തെറ്റായിപ്പോയി എന്ന് തുറന്നു സമ്മതിക്കാനുള്ള മനസും അദ്ദേഹം കാട്ടി. ഈ മനസ്ഥിതി കണ്ടിട്ടാകാം ജനങ്ങള്‍ കേജ്രിവാളിനെ വീണ്ടും അധികാരത്തില്‍ കയറ്റിയിരിക്കുന്നത്.

ഇത്തവണ വലിയൊരു തിരിച്ചുവരവാണ് ആം ആത്മി നടത്തിയിരിക്കുന്നത്. ആകെ ഉണ്ടായിരുന്ന 70 സീറ്റില്‍ 67 എണ്ണവും നേടി രാജ്യത്തെ പ്രമുഖ രാഷ്ട്രീയ കക്ഷികളായ BJP യ്ക്കും കോണ്‍ഗ്രസ്സിനും ഒരിക്കലും മറക്കാനാവാത്ത ഒരടി നല്‍കി. കൂടാതെ മൂന്നാം ബദല്‍ എന്ന ആശയം ഉയര്‍ത്തി BJPയെയും  കോണ്‍ഗ്രസ്സിനേയും തറപറ്റിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട ഇടതു പാര്‍ട്ടികള്‍ക്കും കേജ്രിവാളിന്‍റെയും കൂട്ടരുടെയും വിജയം ഒരു ക്ഷീണമായി.  

കോണ്‍ഗ്രസ്സ് ഇപ്പൊള്‍ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത് പാര്‍ട്ടിയുടെ ഏറ്റവും കറുത്ത അധ്യായത്തിലൂടെയാണ്. UPA സര്‍ക്കാരിന്‍റെ ഭരണത്തില്‍ അതൃപ്തരായ ജനങ്ങള്‍ അവരെ ചരിത്രത്തില്‍ നിന്ന് തന്നെ തുടച്ചു നീക്കുന്ന കാഴ്ചയാണ് കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ കണ്ടത്. പെട്രോളിന്‍റെയും ഡീസലിന്റെയും വില വര്‍ധനവ്‌, രാജ്യം കണ്ട എക്കാലത്തെയും വലിയ അഴിമതികള്‍, എല്ലാ മേഖലകളിലും കോര്‍പ്പറേറ്റുകളെ സഹായിക്കുന്ന മനോഭാവം, സാധാരണക്കാരന് ലഭിക്കേണ്ട അടിസ്ഥാന അവകാശങ്ങളെക്കൂടി നിഷേധിക്കുന്ന അവസ്ഥ, അവശ്യവസ്തുക്കളുടെ വിലക്കയറ്റം,  ഇതൊക്കെ  കോണ്‍ഗ്രസ്സ് നയിക്കുന്ന UPA സര്‍ക്കാരിന്‍റെ പരാജയത്തിന് വഴി തെളിച്ചു. 

എന്നിട്ടും BJP യ്ക്ക് ഒരവസരം കൂടി നല്‍കാന്‍ ജനങ്ങള്‍ തയ്യാറായതിന്‍റെ ഫലമായാണ് NDA വീണ്ടും അധികാരത്തിലെത്തിയത്. ഇത്തവണ RSS പോലെയുള്ള തീവ്ര വര്‍ഗീയ കക്ഷികളെ ഒക്കെ ഒതുക്കി സ്വന്തം കാലില്‍ നില്‍ക്കാനും BJPക്ക് സാധിച്ചു.   പക്ഷേ തിരഞ്ഞെടുപ്പ് നാളില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പോലെ അത്ര ആശാവഹമായിരുന്നില്ല പിന്നീടുള്ള പ്രവര്‍ത്തനങ്ങള്‍. അതുകൊണ്ട് തന്നെ ഡല്‍ഹി മറിച്ച് വിധിയെഴുതി.

ഇടതുപക്ഷത്തിന്‍റെ അവസ്ഥയും വിഭിന്നമല്ല. ഒരു ദേശീയ കക്ഷി ആയിരുന്നിട്ടും ഇത്ര നാള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു നിര്‍ണായക ശക്തിയാകാന്‍ CPI(M)നായില്ല. നേതൃനിരയിലുള്ളവരുടെ കഴിവുകേടായി തന്നെയാണ് ഇത് വിലയിരുത്തപ്പെട്ടത്. ജനോപകാരപ്രദമായ പ്രശ്നങ്ങളെ ഉയര്‍ത്തിക്കൊണ്ട് വരുന്നതില്‍ പരാജയപ്പെട്ടതും അടിസ്ഥാന ആശയങ്ങളില്‍ നിന്ന് വ്യതിചലിച്ച് ജാതി-മത ശക്തികളുമായി സഖ്യത്തിലേര്‍പ്പെട്ടതും ഇടത് കക്ഷികളുടെ പരാജയത്തിന് കാരണമായി.  

പക്ഷേ ഇവയില്‍ നിന്നൊന്നും തങ്ങള്‍ പഠിക്കില്ലെന്നാണ് ഓരോ രാഷ്ട്രീയ കക്ഷിയും പറയുന്നത്. കേജ്രിവാളിന്‍റെ പ്രധാന എതിരാളി കിരണ്‍ ബേദി ആദ്യം തന്നെ പരാജയത്തിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്തം BJP യ്ക്കാണെന്ന് പറഞ്ഞ് തടിയൂരി. BJP ആകട്ടെ  കോണ്‍ഗ്രസ്സിനെതിരെയുള്ള ജനങ്ങളുടെ വിധിയെഴുത്തായി വ്യാഖ്യാനിച്ചു. BJP ഭരണം ജനങ്ങള്‍ക്ക് മടുത്തത് കൊണ്ടാണ് ഇത്തവണ പുതിയൊരു കക്ഷിക്ക് അവര്‍ അവസരം കൊടുത്തതെന്ന് കോണ്‍ഗ്രസ്സ് പറഞ്ഞു. കൂടാതെ RSS മായുള്ള ഒത്തുകളിയാണെന്നും വരെ അവര്‍ ആരോപിച്ചു. പക്ഷേ സത്യം എല്ലാവര്‍ക്കുമറിയാം. BJP-കോണ്‍ഗ്രസ്സ് ഭരണത്തില്‍ പൊരുതി മുട്ടിയ ജനങ്ങള്‍ ഒടുവില്‍ അവര്‍ക്കെതിരെ വിധിയെഴുതി. രാഷ്ട്രീയ പാര്‍ട്ടികളെ മാത്രമല്ല, അവര്‍ക്ക് ഒത്താശ ചെയ്യുന്ന എക്സിറ്റ് പോളുകളെയും മാധ്യമങ്ങളെയുമാണ് ഈ  വിധി തോല്‍പ്പിച്ചിരിക്കുന്നത്.  

ഡല്‍ഹി ഒരു മുന്നറിയിപ്പാണ്. ഒരു പ്രതിഷേധമാണ്. ഇനിയുള്ള നാളുകള്‍ നിര്‍ണ്ണായകമാണ്. ഭാരതത്തിന്‍റെ മറ്റ് സംസ്ഥാനങ്ങളിലേക്ക് AAP ന്‍റെ പ്രവര്‍ത്തന മണ്ഡലം വ്യാപിപ്പിക്കുന്നതിന് പകരം ഡല്‍ഹിയില്‍ തന്നെ ശ്രദ്ധകേന്ദ്രീകരിക്കാനാണ് അരവിന്ദ് കേജ്രിവാള്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. മുന്നില്‍ ഒട്ടേറെ വെല്ലുവിളികള്‍, അധികാരത്തിലേറ്റിയ ജനങ്ങളോടുള്ള ഉത്തരവാദിത്തങ്ങള്‍, തടസ്സമാകാന്‍ എതിര്‍ കക്ഷികളും വമ്പന്‍ കോര്‍പറേറ്റുകളും. ഭരണം അത്ര ആയാസരഹിതമാകാനിടയില്ല. മന്ത്രിമാരില്‍ ഏറിയ ശതമാനം പേരും വിദ്യാസമ്പന്നരാണ് എന്നത് പ്രധാന വിജയ ഘടകമായി നിലനില്‍ക്കുമ്പോഴും പരിചയക്കുറവ് ബുദ്ധിപരമായിത്തന്നെ നേരിടേണ്ട പ്രശ്നമാണ്. ഒരു പരിധിവരെയെങ്കിലും പിടിച്ചു നില്‍ക്കാനും മാറ്റങ്ങള്‍ കൊണ്ടുവരാനും വാഗ്ദാനങ്ങള്‍ നിറവേറ്റാനുമായാല്‍ അത് വലിയൊരു വിജയമാകും. മാത്രമല്ല അഴിമതിയും സ്വജന പക്ഷപാതവും കുടുംബ രാഷ്ട്രീയവും ജാതി-വര്‍ഗീയതകളും ഒക്കെ വാഴുന്ന നമ്മുടെ നാട്ടില്‍ ഒരു പുതിയ മാറ്റത്തിന് വഴിയൊരുങ്ങും. 

ദേശീയ ഗയിംസിനു കൊടിയിറങ്ങി; ഇനി ഗോവയില്‍

തിരുവന്തപുരം: പതിമൂന്ന്‍ ദിവസം നീണ്ടു നിന്ന ദേശീയ ഗയിംസിനു തിരശീല വീണു.  കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്‌ട്ര സ്റ്റേഡിയത്തില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ വച്ച് മാം  35-മത് ദേശീയ ഗയിംസ് സമാപിച്ചതായി കേരള ഗവര്‍ണ്ണര്‍ പി. സദാശിവം പ്രഖ്യാപിച്ചു. തുടര്‍ന്ന്‍ ഗയിംസ് പതാക താഴ്ത്തി, ദീപനാളം അണഞ്ഞു. കേന്ദ്ര കായികമന്ത്രി സര്‍ബാനന്ദ് സോണോബല്‍, ഗവര്‍ണര്‍ പി.സദാശിവം, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് എന്‍.രാമചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അടുത്ത ദേശീയ ഗയിംസിനു ഗോവ വേദിയാകും.

സമാപനത്തോടനുബന്ധിച്ച് ശോഭനയും സംഘവും അവതരിപ്പിച്ച നൃത്തപരിപാടി ഉണ്ടായിരുന്നു. കൂടാതെ ഗോവന്‍ സംഘത്തിന്‍റെ നൃത്തം മറ്റൊരു പ്രധാന ആകര്‍ഷണമായി. തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളിലെ വ്യത്യസ്തങ്ങളായ നൃത്തരൂപങ്ങള്‍ വേദിയില്‍ അണിനിരന്നു. ഇന്ത്യയിലെ 44 നദികളെ പ്രതിനിധീകരിച്ച് 44 കലാരൂപങ്ങള്‍ എത്തി. ഗയിംസിന്‍റെ ഭാഗ്യചിഹ്നമായ അമ്മു സ്റ്റേഡിയം ചുറ്റി കായിക മാമാങ്കത്തിന് വിട പറഞ്ഞു.

മെഡല്‍ പട്ടികയില്‍ കേരളത്തിനു രണ്ടാം സ്ഥാനമാണുള്ളത്.  സര്‍വീസസ് ആണ് ഒന്നാം സ്ഥാനത്ത്. സംസ്ഥാനങ്ങളുടെ കാര്യമെടുക്കുമ്പോള്‍ കേരളം ഒന്നാം സ്ഥാനത്തെത്തി. 54 സ്വര്‍ണ്ണവും 48 വെള്ളിയും 60 വെങ്കലവും ഉള്‍പ്പെടെ 162 മെഡലുകള്‍ കേരളം സ്വന്തമാക്കി. 91 സ്വര്‍ണ്ണവും 33 വെള്ളിയും 35 വെങ്കലവും ഉള്‍പ്പെടെ 159 മെഡലുകളാണ് സര്‍വീസസ് നേടിയത്.  കേരളത്തിന്‌ വേണ്ടി പ്രീജ ശ്രീധരനും സാജന്‍ പ്രകാശും മുന്‍ രാജ്യാന്തര താരം വില്‍സണ്‍ ചെറിയാനും ചേര്‍ന്ന് ഗവര്‍ണ്ണര്‍ സദാശിവത്തിന്‍റെ കയ്യില്‍ നിന്ന് മെഡല്‍ ഏറ്റു വാങ്ങി. ഏറ്റവും കൂടുതല്‍ വ്യക്തിഗത മെഡല്‍ കേരളത്തിന്‍റെ നീന്തല്‍ തരാം സാജന്‍ പ്രകാശ്‌ സ്വന്തമാക്കി.

ഉല്‍ഘാടന ദിനം ഉണ്ടായ പാളിച്ചകള്‍ പരമാവധി ഒഴിവാക്കാന്‍ ഇത്തവണ സംഘാടകര്‍ ശ്രമിച്ചിരുന്നു. എങ്കിലും ചിലയിടങ്ങളിലെങ്കിലും മുഴച്ചു നിന്ന  പിഴവുകള്‍ പരിപാടിയുടെ നിറം കെടുത്തി. അര്‍ഹമായ പരിഗണന തനിക്കും ചില അംഗങ്ങള്‍ക്കും നല്‍കിയില്ല എന്നാരോപിച്ച് തിരുവഞ്ചൂര്‍ വേദിയില്‍ നിന്ന് ഇറങ്ങിപ്പോയത് വിവാദങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.

ദേശീയ ഗയിംസ്, ഉത്ഘാടന-സമാപന
 വേദിയില്‍ നിന്നുള്ള ചിത്രങ്ങള്‍ 

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം
സ്റ്റേഡിയത്തിലേക്കുള്ള
പ്രവേശന കവാടം 
സ്റ്റേഡിയത്തിന്‍റെ ഉള്‍ഭാഗം 

ആഘോഷക്കാഴ്ചകള്‍ 






അമ്മു, കാണികള്‍ക്കിടയില്‍ 

   Sports Desk   
Photos: Renjith R. Nair