തിരുവന്തപുരം: പതിമൂന്ന്‍ ദിവസം നീണ്ടു നിന്ന ദേശീയ ഗയിംസിനു തിരശീല വീണു. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്‌ട്ര സ്റ്റേഡിയത്തില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ വച്ച് മാം 35-മത് ദേശീയ ഗയിംസ് സമാപിച്ചതായി കേരള ഗവര്‍ണ്ണര്‍ പി. സദാശിവം പ്രഖ്യാപിച്ചു. തുടര്‍ന്ന്‍ ഗയിംസ് പതാക താഴ്ത്തി, ദീപനാളം അണഞ്ഞു. കേന്ദ്ര കായികമന്ത്രി സര്‍ബാനന്ദ് സോണോബല്‍, ഗവര്‍ണര്‍ പി.സദാശിവം, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് എന്‍.രാമചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അടുത്ത ദേശീയ ഗയിംസിനു ഗോവ വേദിയാകും.
സമാപനത്തോടനുബന്ധിച്ച് ശോഭനയും സംഘവും അവതരിപ്പിച്ച നൃത്തപരിപാടി ഉണ്ടായിരുന്നു. കൂടാതെ ഗോവന്‍ സംഘത്തിന്‍റെ നൃത്തം മറ്റൊരു പ്രധാന ആകര്‍ഷണമായി. തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളിലെ വ്യത്യസ്തങ്ങളായ നൃത്തരൂപങ്ങള്‍ വേദിയില്‍ അണിനിരന്നു. ഇന്ത്യയിലെ 44 നദികളെ പ്രതിനിധീകരിച്ച് 44 കലാരൂപങ്ങള്‍ എത്തി. ഗയിംസിന്‍റെ ഭാഗ്യചിഹ്നമായ അമ്മു സ്റ്റേഡിയം ചുറ്റി കായിക മാമാങ്കത്തിന് വിട പറഞ്ഞു.
മെഡല്‍ പട്ടികയില്‍ കേരളത്തിനു രണ്ടാം സ്ഥാനമാണുള്ളത്. സര്‍വീസസ് ആണ് ഒന്നാം സ്ഥാനത്ത്. സംസ്ഥാനങ്ങളുടെ കാര്യമെടുക്കുമ്പോള്‍ കേരളം ഒന്നാം സ്ഥാനത്തെത്തി. 54 സ്വര്‍ണ്ണവും 48 വെള്ളിയും 60 വെങ്കലവും ഉള്‍പ്പെടെ 162 മെഡലുകള്‍ കേരളം സ്വന്തമാക്കി. 91 സ്വര്‍ണ്ണവും 33 വെള്ളിയും 35 വെങ്കലവും ഉള്‍പ്പെടെ 159 മെഡലുകളാണ് സര്‍വീസസ് നേടിയത്. കേരളത്തിന് വേണ്ടി പ്രീജ ശ്രീധരനും സാജന്‍ പ്രകാശും മുന്‍ രാജ്യാന്തര താരം വില്‍സണ്‍ ചെറിയാനും ചേര്‍ന്ന് ഗവര്‍ണ്ണര്‍ സദാശിവത്തിന്‍റെ കയ്യില്‍ നിന്ന് മെഡല്‍ ഏറ്റു വാങ്ങി. ഏറ്റവും കൂടുതല്‍ വ്യക്തിഗത മെഡല്‍ കേരളത്തിന്‍റെ നീന്തല്‍ തരാം സാജന്‍ പ്രകാശ് സ്വന്തമാക്കി.
ഉല്‍ഘാടന ദിനം ഉണ്ടായ പാളിച്ചകള്‍ പരമാവധി ഒഴിവാക്കാന്‍ ഇത്തവണ സംഘാടകര്‍ ശ്രമിച്ചിരുന്നു. എങ്കിലും ചിലയിടങ്ങളിലെങ്കിലും മുഴച്ചു നിന്ന പിഴവുകള്‍ പരിപാടിയുടെ നിറം കെടുത്തി. അര്‍ഹമായ പരിഗണന തനിക്കും ചില അംഗങ്ങള്‍ക്കും നല്‍കിയില്ല എന്നാരോപിച്ച് തിരുവഞ്ചൂര്‍ വേദിയില്‍ നിന്ന് ഇറങ്ങിപ്പോയത് വിവാദങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.
No comments:
Post a Comment